പേരൂര്‍ക്കട: ആനക്കൊമ്പ് മോഷണം നടന്നു 10 ദിവസം പിന്നിട്ടിട്ടും മോഷ്ടാവിനെക്കുറിച്ചു യാതൊരു സൂചനയുമില്ലാതെ പോലീസ്. അന്വേഷണം പുരോഗമിക്കുന്നുവെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരുന്നുവെന്നുമാണ് പോലീസിന്റെ പതിവു പല്ലവി.
ഫെബ്രുവരി 11നാണു പാങ്ങോട് സൈനിക ക്യാമ്പില്‍നിന്ന് ആനക്കൊമ്പുകള്‍ മോഷണംപോയ വിവരം പുറംലോകം അറിയുന്നത്. രണ്ടുകോടിയോളം രൂപ വിലവരുന്ന രണ്ട് ആനക്കൊമ്പുകള്‍ അതീവസുരക്ഷാ മേഖലയില്‍നിന്നു കാണാതാകുകയായിരുന്നു.
മദ്രാസ് റെജിമെന്റിനു കരസേനാ മേധാവിയുടെ കമന്‍ഡേഷന്‍ ലഭിച്ചതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ക്കു നടത്തിയ ഡിജെ പാര്‍ട്ടിക്കുശേഷമാണ് കൊമ്പുകള്‍ കാണാതായത്.
ഡിജിപിക്കും പൂജപ്പുര പോലീസിനും പരാതി ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചുവെങ്കിലും ഇതുവരെയും ചിത്രം വ്യക്തമായിട്ടില്ല. ലഭ്യമായ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ചു. നിരവധി പേരെ ചോദ്യം ചെയ്തു. സൈനികരും ഇവരുടെ ആശ്രിതരും ഇവരുടെ സുഹൃത്തുക്കളുമൊക്കെ ചോദ്യം ചെയ്യലിന് എത്തിയിരുന്നു. ആനക്കൊമ്പുകള്‍ സൂക്ഷിച്ചിരുന്ന ഭാഗത്ത് കാമറകള്‍ സ്ഥാപിച്ചിട്ടില്ല. കാമറാദൃശ്യങ്ങളില്ലെങ്കില് പോലീസ് അന്വേഷണം വഴിമുട്ടുമെന്ന അവസ്ഥയാണിപ്പോൾ. 100 കിലോഭാരമുള്ള ആനക്കൊമ്പുകള്‍ ക്യാമ്പില്‍ നിന്നു നഷ്ടപ്പെട്ടത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.